Sunday, July 13, 2014

എലിയെ പിടിക്കാന്‍ ചെലവായത് 2 ലക്ഷം രൂപ

കോര്‍പ്പറേഷന്‍ ഭരണം എന്നു വച്ചാല്‍ ഇങ്ങനെ വേണം. ഇരുപത് എലിയെ പിടിക്കാന്‍ രണ്ടു ലക്ഷം രൂപ ചെലവ്. ബംഗളൂരു മുന്‍സിപ്പല്‍ കോര്‍പ്പറേഷനാണ് ഞെട്ടിക്കുന്ന വിവരം പുറത്തു വിട്ടത്. കര്‍ണാടകയിലെ മല്ലേശ്വരത്തുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലിക (ബിബിഎംപി) കാര്യാലയത്തില്‍ എലിശല്യം വ്യാപകമായതിനെ തുടര്‍ന്നാണ് എലികളെ പിടികൂടി നശിപ്പിക്കാന്‍ ഇത്രയും ഭീമമായ തുക ചെലവഴിച്ചത്. ഇതിനായി മൂന്നു കമ്പനികള്‍ക്ക് അധികൃതര്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും 20 എലികളെ മാത്രമാണ് ഇവര്‍ക്ക് പിടികൂടി നശിപ്പിക്കാനായത്. അഥവാ ഒരെലിക്ക് 10000 രൂപ വീതം! വിവരവാകാശ നിയമപ്രകാരം യെഡിയൂര്‍ കോര്‍പ്പറേഷന്‍ മെമ്പര്‍ എന്‍.ആര്‍ രമേശാണ് ഇക്കാര്യം ബിബിഎംപി കൗണ്‍സിലില്‍ ഉന്നയിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പാണ് ബിബിഎംപി തങ്ങളുടെ ഓഫീസ് നവീകരിക്കാന്‍ തീരുമാനിച്ചത്. ഫയലുകള്‍ സൂക്ഷിക്കുന്ന കബോര്‍ഡുകളില്‍ എലികള്‍ ചത്തുകിടക്കുന്നത് പതിവായതിനെ തുടര്‍ന്നായിരുന്നു നവീകരണം. 8000 രൂപ വിലയുളള കബോര്‍ഡിന് 16,000ത്തോളം രൂപ ചെലവയിച്ചതായി ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് എലികളെ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ എത്ര തുക ചെലവഴിച്ചതെന്ന് കൗണ്‍സിലര്‍ ആരാഞ്ഞത്. എലികളെ പിടികൂടാന്‍ മല്ലേശ്വരത്തുളള കോര്‍പറേഷന്‍ ഹെഡ് ഓഫിസില്‍ തന്നെ 99,000 രൂപയിലധികമാണ് ബിബിഎംപി ചെലവഴിച്ചതത്രെ. 2013 ഒക്ടോബര്‍ 29 ലാണ് ബിബിഎംപി മൂന്ന് കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കിയത്. ഈയിനത്തില്‍ ഇതുവരെ 1.98 ലക്ഷം രൂപ ചെലവഴിച്ചെന്നും രേഖകള്‍ പറയുന്നു.

No comments:

Post a Comment