Friday, August 29, 2014

ബൈക്കിന്റെ പിന്നിലിരിക്കുന്നയാള്‍ അറിയേണ്ട 10 കാര്യങ്ങള്‍

1. റൈഡര്‍ വണ്ടി സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ട് നീങ്ങാന്‍ പൂര്‍ണ്ണമായി തയ്യാറെടുത്തശേഷം മാത്രം സഹയാത്രിക ( ന്‍ ) പിന്നില്‍ കയറുക. ഒന്നും നോക്കാതെയും പറയാതെയും പെട്ടെന്ന് വണ്ടിയിലേയ്ക്ക് ചവിട്ടിക്കയറിയാല്‍ റൈഡറുടെ ബാലന്‍സ് തെറ്റി വണ്ടി മറിയാന്‍ ഇടായാകും. സ്ത്രീകളാണ് പൊതുവെ ഇത്തരം അപകടം ഉണ്ടാക്കാറുള്ളത്. 2.പിന്നിലിരിക്കുന്ന ആള്‍ റൈഡറുടെ തുടകളുടെ മേലറ്റത്ത് മുട്ടുകള്‍ ചേര്‍ത്ത് വച്ച് ഇരിക്കുക. ബ്രേക്ക് ചെയ്യുമ്പോള്‍ സീറ്റിന്റെ മുന്നിലേയ്ക്ക് നിരങ്ങിപ്പോകാതിരിക്കാനും ഇരിപ്പ് കൂടുതല്‍ ഉറപ്പുള്ളതാക്കാനും ഇതു സഹായിക്കും. 3.ഒരു വശത്തേയ്ക്ക് തിരിഞ്ഞ് ഇരിക്കുന്നുള്ള യാത്ര സുരക്ഷിതമല്ല. കാരണം സാരിയും ചുരിദാര്‍ ഷോളുമൊക്കെ പിന്നിലെ ടയറില്‍ കുരുങ്ങാനുള്ള സാധ്യത കൂടുതലാണ്. പിന്നില്‍കയറുന്നയാള്‍ നേരെയിരുന്ന് ഇരുവശത്തുമുള്ള ചവിട്ടിയില്‍ കാല്‍ വച്ച് ഇരിക്കുന്നതാണ് വണ്ടി ഓടിക്കുന്ന ആളിനും സൗകര്യം. കാലുകള്‍ വെറുതെ തൂക്കിയിടരുത്. അല്ലാത്തപക്ഷം ഹമ്പുകളും ഗട്ടറുമൊക്കെ കടക്കുമ്പോള്‍ കാല്‍ തട്ടാനും ചിലപ്പോള്‍ വാഹനത്തിന്റെ ബാലന്‍സ് നഷ്ടപ്പെടാനും ഇടയാകും. 4. വണ്ടി വേഗമെടുക്കുന്നതും ബ്രേക്ക് ചെയ്യുന്നതുമൊക്കെ ശ്രദ്ധിച്ച് യോജ്യമാം വിധം റൈഡറെ മുറുകെ പിടിക്കുക. 5.അങ്ങോട്ടുമിങ്ങോട്ടും അനങ്ങും മുമ്പ് റൈഡറോട് അതെപ്പറ്റി സൂചന നല്‍കുക. പിന്നിലിരിക്കുന്നവര്‍ അമിതമായി സംസാരിക്കാതിരിക്കുക. അത് വണ്ടി ഓടിക്കുന്നയാളിന്റെ ശ്രദ്ധ കുറയ്ക്കും. 6. വളവുകള്‍ തിരിയുമ്പോള്‍ പൂര്‍ണ്ണമായും റൈഡറെ വിശ്വാസത്തിലെടുക്കുക. ചെരിഞ്ഞ് കൊടുക്കുകയോ എതിര്‍വശത്തേയ്ക്ക് ബലം പിടിക്കുകയോ ചെയ്യരുത്. ഒട്ടും ബലം പിടിക്കാതെ ഇരിക്കുക. 7. പോകേണ്ട റൂട്ട് നിങ്ങള്‍ക്ക് അറിവുള്ളതാണെങ്കില്‍ പോലും റൈഡറുടെ അനുവാദം കൂടാതെ കൈ കൊണ്ട് സിഗ്നല്‍ കാണിക്കാതിരിക്കുക. ഒരുപക്ഷേ റൈഡര്‍ മറ്റൊരു വഴിയാകും മനസില്‍ കണ്ടിട്ടുണ്ടാകുക. അതുകൊണ്ടുതന്നെ നിങ്ങള്‍ സിഗ്നല്‍ കാണിച്ച് റൈഡറെ സഹായിക്കുന്നത് അപകടത്തിനു കാരണമാകാം. 8. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തുമ്പോഴും നഗരത്തിലൂടെ വളരെക്കുറഞ്ഞ വേഗത്തില്‍ പോകുമ്പോഴും പിന്നിലിരിക്കുന്ന ആള്‍ കാലുകള്‍ നിലത്തു കുത്തേണ്ടതില്ല. റൈഡര്‍ക്ക് അതാണ് കൂടുതല്‍ സൗകര്യം. 9. എതിരെയുള്ള വാഹനത്തിന്റെ വരവ് അപകടകരമായി തോന്നിയാല്‍ ഒന്നും നോക്കാതെ വണ്ടിയുടെ നിന്നു ചാടിയിറങ്ങരുത്. നിങ്ങളുടെ ചാട്ടം കൊണ്ടുള്ള ആഘാതം റൈഡറെ അപകടത്തിലാക്കിയേക്കാം. 10. വണ്ടി നിര്‍ത്തുമ്പോള്‍ റൈഡറുടെ അനുവാദം വാങ്ങിയശേഷം മാത്രം നിലത്തിറങ്ങുക.

No comments:

Post a Comment